Saturday, May 29, 2010

കൊല്ലങ്കോട് മേക്കെക്കര

Buzz It
കൊല്ലങ്കോട് വട്ടവിള മുടിപ്പുരയുടെ വടക്ക് പടിഞ്ഞാറു ഭാഗത്തുള്ള മനോഹരമായ ഭൂ പ്രകൃതിയെ മേക്കെ കര എന്ന് വിളിക്കുന്നു. നയന മനോഹരമായ പാട ശേഖരങ്ങളും ,ഇട തൂര്‍ന്ന തെങ്ങിന്‍ തോപ്പുകളും ,വിശാലമായ കായലോരവും ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നു. കൊല്ലങ്കോട് വട്ടവിള മുടിപ്പുര മുതല്‍ പൊഴിയൂര്‍ -കാക്കവിള  വരെ വ്യാപിച്ചു കിടക്കുന്ന സ്ഥലമാണിത്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്.

കൊല്ലങ്കോട്ടിലെ മറ്റു പ്രദേശങ്ങള്‍ പോലെ വ്യത്യത ജാതി മതസ്ഥര്‍ തിങ്ങി വസിക്കുന്ന ഒരു പ്രദേശമാണിത്. ജാതിപരമായി നായര്‍ ,നാടാര്‍ ,ചെക്കാല ,അരയര്‍ ,തണ്ടാര്‍ ,മുക്കുവര്‍,പുലയര്‍,ബ്രാഹ്മിണ്‍ എന്നിങ്ങനെ വ്യത്യസ്തമായ  അനവധി ജാതിയില്‍ പെട്ടവര്‍ സൌഹൃദത്തോടെ വസിക്കുന്നു. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട നിരവധി  പേര്‍ താമസിക്കുന്നതിനാല്‍ ഇതില്‍ ഉള്‍പ്പെടുന്ന ആറാം വാര്‍ഡ്‌ സംവരണ വാര്‍ഡ്‌ ആണ്.
മതപരമായി ഹൈന്ദവ ,ക്രൈസ്തവ മതസ്ഥര്‍ ആണ്  ഇവിടെ അധികമായി വസിക്കുന്നത്. മലയാളമാണ് പ്രധാന ഭാഷ. തമിഴും ചുരുക്കമായി ഉപയോഗിച്ചു വരുന്നു.

തിരുമന്നം ജംഗ്ക്ഷന്‍ കേശവ വിലാസം പ്രൈമറി സ്കൂള്‍ ,കാക്കവിള സത്യഭാമ  മെട്രികുലെഷന്‍സ്കൂള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ . തിരുമന്നം ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന യങ്ങ്   സ്റ്റാര്‍ കലാ കായിക കേന്ദ്രം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു സാംസ്‌കാരിക കേന്ദ്രമാണ്.

ജല സ്രോതസ്സും ,വിശാലമായ പാട ശേഖരവും  ഒക്കെ ഉള്ളതിനാല്‍  കൃഷി തന്നെ ആണ് ഇവിടത്തെ പ്രധാന വരുമാന മാര്‍ഗം . ഇത് കൂടാതെ കയര്‍ നിര്‍മ്മാണം, കൊപ്ര വ്യവസായം ,മത്സ്യ ബന്ധനം എന്നിവയും ഇവിടത്തെ ഉപ ജീവന മാര്‍ഗങ്ങളാണ്.

കൊല്ലങ്കോട് ഭദ്രകാളി ദേവസ്വത്തിന്റെ കീഴിലുള്ള അഞ്ചു മുക്കിന്‍ കരിവയല്‍ ,മനോഹരമായ കണ്ണന്‍ കുളം , പ്രശസ്തമായ  കൊല്ലങ്കോട് മഠം  AVM കനാലിന്റെ വിശാലമായ തീരം എന്നിവയെല്ലാം ഇവിടത്തെ പ്രത്യേകതകള്‍ ആണ്.

ശാസ്ത നഗര്‍ ഇമ്പീരിയല്‍ കമ്പനി ,കാക്കവിള കശുവണ്ടി ഫാക്ടറി ,കരുംബനുടയന്‍ കുഴി കയര്‍ നിര്‍മാണ മേഖല,തിരുമന്നം ഹോലോബ്രിക്ക്സ് ഫാക്ടറി  എന്നിവയാണ് ഇവിടത്തെ പ്രധാന തൊഴില്‍ കേന്ദ്രങ്ങള്‍ .ഇത് കൂടാതെ നാളികേരത്തില്‍ നിന്നും എണ്ണ സംസ്കരിചെടുക്കുന്ന  നിരവധിതൊഴില്‍ ശാലകളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

കൊല്ലങ്കോട് വട്ടവിള  മുടിപ്പുര, മുപ്പുരം കാവ്‌, കരിമ്ബനുടയന്‍ കുഴി മഹാവിഷ്ണു ക്ഷേത്രം, ചതര കാവ്‌, കുന്നിയോടു പാറയില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, പൊറ്റയില്‍  ഭദ്രകാളി ക്ഷേത്രം, കല്ലി കാവ്‌, തിരുമന്നം കാവ്‌,വട്ടവിള കാവ്‌,കാക്കവിള ചര്‍ച്ച്, എന്നിവയാണ്   ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍.

രാഷ്ട്രീയപരമായി ഒരുകാലത്ത് സി.പി എമ്മിന്റെ ശക്തി കേന്ദ്രമായിരുന്നു ഈ സ്ഥലം. ഇന്ന് സി.പി.എമ്മും ബി.ജെ.പിയും ബലാബലം പോരുതന്ന മേഖലയാണിത്. ഇതില്‍ ഉള്‍പ്പെടുന്ന 2 വാര്‍ഡുകളില്‍ ഓരോന്ന് വീതം ഇരു പാര്‍ട്ടികളും നേടി വരുന്നു. ഡി.വൈ.എഫ്.ഐ., ആര്‍.എസ്.എസ്.,ബി.എം.എസ്.,സി.ഐ.ടി.യു.,എന്നീ സംഘടനകളും  ഇവിടെ ശക്തമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കല്പറ പൊറ്റ സ്കൂള്‍, ശ്രീ ദേവി സ്കൂള്‍ എന്നിവയാണ് ഇവിടത്തെ പോളിംഗ് കേന്ദ്രങ്ങള്‍ .

No comments:

Post a Comment